Wednesday 10 July 2013

Paka

പക
(മുരുകന്‍ കാട്ടാക്കട)
/............................../


ദുരമൂത്തു നമ്മള്‍ക്ക്, പുഴ കറുത്തു


ചതി മൂത്തു നമ്മള്‍ക്ക്, മല വെളുത്തു


തിരമുത്തമിട്ടോരു കരിമണല്‍ തീരത്ത്-

വരയിട്ടു നമ്മള്‍ പൊതിഞ്ഞെടുത്തു


പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു,


പുകതിന്നപകലിനും ദ്വേഷമുണ്ട്

രാസതീര്‍ത്ഥം കുടിച്ചാമാശയം വീര്‍ത്ത്

മാത്രാവബോധം‌ മറഞ്ഞ പേക്കുട്ടികള്‍


രാത്രികള്‍പോലെ കറുത്ത തുമ്പപ്പൂവ്


രോഗമില്ലാതെയുണങ്ങുന്ന വാകകള്‍


മാനത്ത് നോക്കൂ കറുത്തിരിക്കുന്നു

കാര്‍മേഘമല്ല, കരിമ്പുകച്ചുരുളുകള്‍


പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നൂ

പിച്ചിയല്ല, വിഷം തിന്ന തെച്ചി.

കാറ്റിനെയൊന്ന് മണത്തു നോക്കൂ, മണം‌

ഗന്ധകപ്പാലപൂത്തുലയുന്ന മാദകം‌

പോക്കുവെയിലേറ്റൊന്നിരുന്നു നോക്കൂ

പുറം‌ തോലറ്റിറങ്ങുന്നതഗ്നി സര്‍പ്പം‌


മഴയേറ്റു മുറ്റത്തിറങ്ങി നില്‍ക്കൂ മരണ-

മൊരു തുള്ളിയായണുപ്രഹരമായി

ഉപ്പുകല്ലൊന്നെടുത്തുനോക്കൂ കടല്‍

കണ്ണീരിനുപ്പിന്‍ ചവര്‍പ്പിറക്കൂ

പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു,


പുകതിന്നപകലിനും ദ്വേഷമുണ്ട്

ഇരുകൊടുങ്കാറ്റുകള്‍ക്കിടയിലെ ശാന്തിതന്‍


ഇടവേളയാണിന്ന് മര്‍ ത്യജന്മം‌

തിരയായി തീരത്തശാന്തിയായ് തേങ്ങലായ്

പതയുന്നു പുകയുന്നു പ്രകൃതിപ്പക..

ഇതു കടലെടുത്തൊരാ ദ്വാരകാപുരിയിലെ

കൃഷ്ണപക്ഷക്കിനാവുള്ള ദ്വാപരര്‍

ആരുടേതാണുടഞ്ഞൊരീ കനവുകള്‍?


ആരുടച്ചതാണീ കനന്‍ചിമിഴുകള്‍?


ആരുടേതീ നിരാലംബ നിദ്രകള്‍?


ആരുറക്കിയീ ശാന്തതീരസ്മൃതി
നീ, ജലാദ്രി, തമോഗര്‍ത്ത സന്തതി

നീ, ജലാദ്രി, തരംഗരൂപിപ്പക!

അലറി ആര്‍ത്തണയുന്ന തിര തമോഗര്‍ ത്തത്തില-

ടവച്ചു വിരിയിച്ച മൃതി വിളിച്ചു

അലമുറകളാര്‍ത്തനാദങ്ങള്‍ അശാന്തികള്‍


അവശിഷ്ടമജ്ഞാതമൃതചിന്തകള്‍


അം‌ഗുലീയാഗ്രത്തില്‍ നിന്നൂര്‍ന്നു തിരതിന്ന

പുത്രനായ് കേഴുന്ന പിതൃസന്ധ്യകള്‍


ഇനിയെത്ര തിരവന്നു പോകിലും‌

എന്റെ കനല്‍ മുറിവില്‍ നിന്‍മുഖം മാത്രം

എന്റെ ശ്രവണികളില്‍ നിന്‍ തപ്ത നിദ്രമാത്രം‌

തൊട്ടിലാട്ടുന്ന താരാട്ടുകയ്യുകള്‍


കെട്ടി അമ്മിഞ്ഞ മുത്തുന്ന മാറുകള്‍


കവിളിലാരാണു തഴുകുന്നൊതീ കുളിര്‍

കടല്‍ മാതാവ് ഭ്രാന്തവേഗത്തിലോ..?

അരുത് കാട്ടിക്കുറുമ്പ് കാട്ടേണ്ടൊരീ

തരളഹൃദയത്തുടിപ്പസ്തമിച്ചുവോ?

നിഴലുകെട്ടിപ്പുണര്‍ന്നുറങ്ങുന്നുവോ

പുലരികാണാപ്പകൽ‌ക്കിനാച്ചിന്തുകള്‍


ഇന്നലെ ഹിന്ദുവായ് ഇസ്ലാമിയായ് നാം‌

കൊന്നവര്‍ കുന്നായ്മ കൂട്ടാ‍യിരുന്നവര്‍

ഇന്നൊരേകുഴിയില്‍ കുമിഞ്ഞവര്‍ അദ്വൈത –

ര്‍മ്മമാര്‍ന്നുപ്പു നീരായലിഞ്ഞവര്‍

ഇരു കൊടുങ്കാറ്റുകള്‍ക്കിടയിലെ ശാന്തിതന്‍


ഇടവേളയാണിന്നു മര്‍ത്യജന്മം‌

തിരയായി തീര്‍ത്തശാന്തിയായ് തേങ്ങലായ്

പതയുന്നു പുകയുന്നു പ്രകൃതിപ്പക

അരുമക്കിടാങ്ങളുടെ കുരലു ഞെക്കിക്കൊന്ന

സ്ഥിരചിത്തയല്ലാത്തൊരമ്മയെപ്പോല്‍

കടലിതാ ശാന്തമായോര്‍മ്മകള്‍ തപ്പുന്നു


ഒരു ഡിസംബര്‍ ത്യാഗതീരം കടക്കുന്നു.

No comments:

Post a Comment